മകരസംക്രാന്തി ദിനത്തിൽ ലാഡ്ലി ബഹൻ പദ്ധതിയുടെ ഭാഗമായി ഏകദേശം ഒരു കോടി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 3,000 രൂപ വീതം കൈമാറുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ ഗഡുക്കളായാണ് ഈ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നത്.
ഉത്സവകാലത്ത് സ്ത്രീകൾക്ക് സാമ്പത്തിക ആശ്വാസം നൽകുകയും അവരുടെ സാമ്പത്തിക ശക്തീകരണം ലക്ഷ്യമിടുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തുക കൈമാറ്റമെന്ന് സർക്കാർ വ്യക്തമാക്കി. പദ്ധതിയുടെ നിശ്ചിത നടപടിക്രമത്തിന്റെ ഭാഗമായാണ് ഈ കൈമാറ്റമെന്നും സർക്കാർ അറിയിച്ചു.
ഈ തീരുമാനത്തെ കോൺഗ്രസ് ചോദ്യം ചെയ്തു. ജനുവരി 15ന് മുംബൈയിൽ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതിന് തൊട്ടുമുമ്പ് തുക കൈമാറുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകാമെന്നാണ് കോൺഗ്രസിന്റെ നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ലാഡ്ലി ബഹൻ പദ്ധതിയുടെ ഗഡു നിക്ഷേപിക്കാവൂ എന്നാവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

തിരഞ്ഞെടുപ്പിന് മുമ്പുള്ള തുക കൈമാറ്റം സ്ത്രീകൾ ഭരണകക്ഷിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാമെന്നും ഇത് സർക്കാർ ലഞ്ചത്തിനുസമാനമാണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം. ലാഡ്ലി ബഹൻ പദ്ധതിക്കെതിരല്ല തങ്ങളെന്നും, പദ്ധതി ഗുണഭോക്താക്കൾക്ക് നിഷ്പക്ഷമായി എത്തിക്കപ്പെടണമെന്നും കോൺഗ്രസ് വ്യക്തമാക്കി. വിഷയത്തിൽ മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ നിർദേശം നൽകണമെന്ന് അവർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ പരാതിയിൽ മഹാരാഷ്ട്രയുടെ ചീഫ് സെക്രട്ടറിയോട് രാവിലെ 11 മണിയ്ക്കുള്ളിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ പദ്ധതികളുടെ ഭാഗമായി പണം വിതരണം ചെയ്യുന്നത് സൂക്ഷ്മമായ കാര്യമാണെന്നും, ഇതിന് വ്യക്തമായ മാർഗനിർദേശങ്ങൾ ആവശ്യമാണെന്നുമാണ് കമ്മീഷന്റെ നിലപാട്. സാമ്പത്തിക സഹായം വോട്ടർമാരിൽ സമ്മർദ്ദം സൃഷ്ടിക്കാൻ ഉപയോഗിക്കപ്പെടരുതെന്ന കാര്യവും കമ്മീഷൻ പരിഗണിക്കുന്നതായി അറിയിച്ചു.
കോൺഗ്രസിന്റെ കത്തിനോട് പ്രതികരിച്ച ബിജെപി, ഈ നീക്കം സ്ത്രീ വിരുദ്ധമാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ആരോപിച്ചു. ലാഡ്ലി ബഹൻ പദ്ധതിയുടെ ലക്ഷ്യം സ്ത്രീകളെ സാമ്പത്തികമായി സഹായിക്കുന്നതാണെന്നും, തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടല്ലെന്നും ബിജെപി വ്യക്തമാക്കി. കോൺഗ്രസിന്റെ നടപടി പദ്ധതിയുടെ ഗുണഫലങ്ങൾ തടയുന്നതിന് തുല്യമാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
മകരസംക്രാന്തി ജനുവരി 14നാണ് ആഘോഷിക്കുന്നത്. അതിന്റെ അടുത്ത ദിവസം, ജനുവരി 15ന് മഹാരാഷ്ട്രയിൽ ബിഎംസി തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് ഫലം ജനുവരി 16ന് പ്രഖ്യാപിക്കും.




